#Latest News #Kozhikode #DrugCase #Keerthana #Teacher #Police
കോഴിക്കോട്:(truevisionnews.com)മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായിരുന്നു കീർത്തന ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.
കായിക അധ്യാപനത്തിന് പുറമെ കീർത്തന പേരാമ്പ്രയിൽ നടത്തിയിരുന്ന 'മസ്‌ക ബൺ' എന്ന ചെറുകിട ബിസിനെസിന്റെ മറവിൽ ലഹരിമരുന്ന് വിതരണം നടത്തിയിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലിലൂടെ പരിശോധിക്കും. കഴിഞ്ഞ ദിവസം കീർത്തനയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കൃത്യമായ തെളിവുകളോടെ അധ്യാപിക അറസ്റ്റിലാകുന്നത്.
ഔദ്യോഗിക പദവി ലഹരിക്കടത്തിനായി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണസംഘം അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. കോഴിക്കോട്ടെ വിവിധ വിദ്യാലയങ്ങളിൽ സൂംബ, യോഗ പരിശീലക എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കീർത്തന, സ്കൂൾ വിദ്യാർത്ഥികളെ ലഹരി മാഫിയയിലേക്ക് ആകർഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
കീർത്തനയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളും ലഹരി ഇടപാടുകൾക്കായി പണം കൈമാറിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വലിയൊരു ലഹരി മാഫിയാ ശൃംഖല തന്നെയുണ്ടോ എന്നതിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Content Highlight: Kozhikode Drug Case: Police Seek Custody of Teacher Keerthana
#Latest News #Kozhikode #DrugCase #Keerthana #Teacher #Police

































